കൊച്ചി: വിമാനയാത്ര നിഷേധിച്ചതിന് ഖത്തര്‍ എയര്‍വേയ്സിന് ഏഴര ലക്ഷം രൂപയുടെ പിഴ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ പരാതിയില്‍ എറണാകുളം ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. സ്‌കോട്ട്ലന്‍ഡ് യാത്രയ്ക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും യാത്ര അനുവദിച്ചില്ലെന്നു കാണിച്ചു നല്‍കിയ പരാതിയിലാണ് നടപടി.
2018 ലാണ് പരാതിക്കാസ്പദമായ സംഭവം. അന്ന് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കോട്ട്ലന്‍ഡിലേക്കുള്ള യാത്രയ്ക്ക് നാല് മാസം മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
യാത്രാദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും അവിടെ നിന്ന് എഡിന്‍ബറോയിലേക്കുമാണ് വിമാനക്കമ്പനി ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ദോഹയില്‍ നിന്ന് എഡിന്‍ബറോയിലേക്കുള്ള യാത്ര വിമാനക്കമ്പനി വിലക്കുകയും ചെയ്തു. ഓവര്‍ബുക്കിങ് എന്ന കാരണമാണ് വിമാനക്കമ്പനി പറഞ്ഞത്.
ഇതിനെതിരെയാണ് ബെച്ചു കുര്യന്‍ തോമസ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഏഴര ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു. നാല് മാസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പലിശയടക്കം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.