കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതിനിടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്‍. പൊതുജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി തലസ്ഥാന ആവശ്യം ഉന്നയിച്ചതെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനാ യോഗങ്ങള്‍ക്ക് മുമ്പും പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പും ജനതാത്പര്യം മനസിലാക്കാന്‍ ശ്രമിച്ചിരുന്നതായും തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാര്‍ ഉണ്ടായിരുന്നതിനാലാണ് അക്കാര്യം ലോക്സഭയില്‍ ഉന്നയിക്കാനുള്ള നോട്ടീസ് നല്‍കിയതെന്നും ഹൈബി ഈഡന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
തന്റെ ബില്‍ ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ലെന്നും സ്വന്തം നാടിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിലവിലുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ഒരു മടിയുമില്ലെന്നും ഹൈബി വ്യക്തമാക്കി. പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.