സംസ്ഥാനത്ത് അതിതീവ്ര മഴ; റവന്യൂ മന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴ; റവന്യൂ മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: അതിശക്തമായ മഴ സംസ്ഥാനത്തുടനീളം പെയ്യുന്ന സാഹചര്യത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് ലാന്റ് റവന്യു കമീഷണറേറ്റില്‍ ഓണ്‍ലൈനായാണ് യോഗം.

പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത യോഗത്തില്‍ വിലയിരുത്തും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാര്‍, ആര്‍ഡിഓ, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുക്കും.

മഴക്കെടുതികള്‍ നേരിടുന്നതിനായി റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും ഓറഞ്ച് അലര്‍ട്ടാണ്.

നാളെ കൊല്ലം ജില്ലയിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ജൂലൈ ഏഴിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.