തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കള്ളക്കേസുകള്‍ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക സമരം നടത്തിയത്.
മലപ്പുറത്തും കാസര്‍കോട്ടും കണ്ണൂരിലും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് തല്ലിയെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
കാസര്‍കോട്ടും പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റെ പി.കെ ഫൈസലിന് പരിക്കേറ്റു. തിരുവനന്തപുരത്ത് ഡിജിപി ഓഫീസ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ ഉള്‍പ്പടെ പ്രധാന നേതാക്കളാണ് വിവിധ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.