ഏകീകൃത കുര്‍ബാനയര്‍പ്പണത്തില്‍ വീഴ്ച: ബസലിക്കയുടെ ചുമതലയില്‍ നിന്നും മോണ്‍. ആന്റണി നരികുളത്തെ മാറ്റി; ഫാ. ആന്റണി പൂതവേലിയ്ക്ക് വീണ്ടും ചുമതല

ഏകീകൃത കുര്‍ബാനയര്‍പ്പണത്തില്‍ വീഴ്ച: ബസലിക്കയുടെ ചുമതലയില്‍ നിന്നും മോണ്‍. ആന്റണി നരികുളത്തെ മാറ്റി; ഫാ. ആന്റണി പൂതവേലിയ്ക്ക് വീണ്ടും ചുമതല

കൊച്ചി: കുര്‍ബാന അര്‍പ്പണ രീതിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ജൂലൈ മൂന്നിനകം തുറന്ന് ഏകീകൃത കുര്‍ബാന നടത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത വികാരി മോണ്‍.ആന്റണി നരികുളത്തെ അടിയന്തരമായി സ്ഥലം മാറ്റി.

ബസിലിക്കയില്‍ പകരം വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ആന്റണി നരികുളത്തെ മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റേതാണ് നടപടി.

ചുമതല ഉടന്‍ കൈമാറണമെന്നും ജൂലൈ ഒമ്പതിനകം മൂഴിക്കുളത്ത് ചുമതലയേല്‍ക്കണമെന്നും മോണ്‍. നരികുളത്തിന് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സഭാ സിനഡ് നിര്‍ദേശം പാലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മോണ്‍. നരികുളം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് സഭ കടന്നിരിക്കുന്നത്.

സെന്റ് മേരീസ് ബസിലിക്കയില്‍ അഡ്മിനിസ്‌ട്രേറ്ററായി ഫാ. ആന്റണി പൂതവേലിയെ നേരത്തെ നിയമിച്ചിരുന്നു. ക്രിസ്മസ് സമയത്ത് ബസിലിക്കയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഫാ.പൂതവേലിലിനെ മൂഴിക്കുളം പള്ളിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സീറോ മലബാര്‍ സഭയുടെ പ്രത്യേക സിനഡിനു ശേഷമാണ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദേശം നല്‍കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.