കൊച്ചി: മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അറിയാനാണ് ശ്രീനിജനെ ചോദ്യം ചെയ്തത്.
ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലേക്ക് എംഎല്‍എയെ വിളിച്ച് വരുത്തുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫില്‍ നിന്നും 2015 ല്‍ 60 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. പിന്നീട് ഇതു തിരിച്ചു കൊടുത്തുവെന്നും ഇക്കാര്യം ചോദിച്ച് അറിയാനാണ് ആദായ നികുതി വകുപ്പ് തന്നെ വിളിച്ചു വരുത്തിയതെന്നും ശ്രീനിജന്‍ പറഞ്ഞു.
മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ശ്രീനിജനെ ചോദ്യം ചെയ്തത്. നേരത്തെ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നടനും നിര്‍മാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.