ഏക സിവില്‍ കോഡിനെതിരായ സമരത്തിന് രൂപം നല്‍കാന്‍ കെപിസിസി എക്സിക്യൂട്ടീവ് ഇന്ന്; പുനസംഘടനയും ചര്‍ച്ചയാകും

ഏക സിവില്‍ കോഡിനെതിരായ സമരത്തിന് രൂപം നല്‍കാന്‍ കെപിസിസി എക്സിക്യൂട്ടീവ് ഇന്ന്; പുനസംഘടനയും ചര്‍ച്ചയാകും

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കെപിസിസി എക്സിക്യൂട്ടീവ് ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി പുനസംഘടനയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഏക സിവില്‍ കോഡിനെതിരെ സിപിഎം ഒരു മുഴം മുന്നേ എറിഞ്ഞതിന്റെ അപകടം തിരിച്ചറിഞ്ഞാണ് സമര പരിപാടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസിലും ആലോചന തുടങ്ങിയത്. മുസ്ലീം സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള സിപിഎം ശ്രമത്തിന് തടയിടുക കൂടി കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് മുസ്ലീം സംഘടനകളുമായി ആശയ വിനിമയം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടെന്ന സിപിഎം പ്രചാരണത്തെ ചെറുക്കുന്ന നിലയിലുള്ള സമര പരിപാടികളാണ് കെ.പി.സി.സി എക്സ്‌ക്യൂട്ടീവ് ആവിഷ്‌കരിക്കുക.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശിനുമെതിരായ കേസുകളെ രാഷ്ട്രീയമായി നേരിടുന്നതും യോഗം ചര്‍ച്ച ചെയ്യും.

മണ്ഡല പുനസംഘടനയിലെ പുരോഗതി, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്നിവയും ഇന്നത്തെ നേതൃയോഗം വിലയിരുത്തും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും യോഗത്തില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.