തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പിന്നീടുള്ള ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയും. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറന്‍ ഭാഗം നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തും മണ്‍സൂണ്‍ പാത്തിയുടെ കിഴക്കന്‍ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി നിലവില്‍ മധ്യ -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാപ്രാദേശിന് സമീപത്തായി നിലനില്‍ക്കുന്നുവെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം, മൂന്നു ദിവസമായി തുടരുന്ന അതിശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ 30 മീറ്ററോളം ഇടിഞ്ഞു. ജയിലിന്റെ പിന്‍ഭാഗത്തുള്ള മതിലാണ് ഇടിഞ്ഞത്. രാവിലെ ഏഴോടെയാണ് സംഭവം. പ്രധാന സുരക്ഷാമതില്‍ ആയതിനാല്‍ തടവുകാര്‍ രക്ഷപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
1869ല്‍ നിര്‍മ്മിച്ച മതിലാണ്. ബലക്ഷയമാണ് മതിലിടിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സായുധ സേനയെ ഇവിടെ സുരക്ഷയ്ക്ക് നിയോഗിക്കാനാണ് തീരുമാനം. തടവുകാര്‍ മതിലിന് സമീപം കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തടവുകാരെ പുറത്തിറക്കാതിരിക്കാനും ആലോചനയുണ്ട്.