കൈതോലപ്പായയിലെ പണംകടത്ത്: ജി.ശക്തിധരന്‍ ഇന്ന് മൊഴി നല്‍കും

 കൈതോലപ്പായയിലെ പണംകടത്ത്: ജി.ശക്തിധരന്‍ ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം: കൈതോലപ്പായയിലെ പണംകടത്ത് വിവാദത്തില്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഇന്ന് പൊലീസിനു മുമ്പാകെ മൊഴി നല്‍കും. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ നല്‍കിയ പരാതിയിലാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.
ഹാജരാകണമെന്ന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടതുകൊണ്ട് രാവിലെ അദ്ദേഹത്തെ കാണാന്‍ പോവുകയാണ്. അന്വേഷണ ഏജന്‍സിയുടെ മുന്നിലിരിക്കുന്ന വിഷയമായതുകൊണ്ട് തീരുമാനം അറിയും വരെ പ്രതികരിക്കുന്നത് അനൗചിത്യമാകുമെന്നത് കൊണ്ട് ഇതേവരെ തുടര്‍ന്നത് പോലെ മൗനം പാലിക്കാന്‍ തന്നെയാണ് തന്റെ തീരുമാനം. നിയമം അതിന്റെ വഴിക്ക് പോകണം എന്നും ശക്തിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അതിനീചമായി തുടരുകയാണെന്ന് ശക്തിധരന്‍ പറയുന്നു. ഡസന്‍ കണക്കിന് നഗ്ന വീഡിയോകളും പുലഭ്യം വിളിയും നടത്തി സൈബര്‍ കാളികൂളിസംഘം ഇത് ആഘോഷമാക്കിയിരിക്കുകയാണ്. ചിലര്‍ക്ക് ഈ നാട്ടില്‍ എന്തും ചെയ്യാം നിയമം അവരെ തൊടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എന്റെ ഫേസ് ബുക്ക് അക്കൗണ്ട് കടന്നുകയറി പോര്‍ണോഗ്രാഫി പഠിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്ന പുത്തന്‍ പാഠശാല. അത് തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഭരണകാലത്തെ ചില സംഭവങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് ശക്തിധരന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.