പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും ഗവര്‍ണറുടെ റെഡ് സിഗ്നല്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന്  വീണ്ടും ഗവര്‍ണറുടെ റെഡ് സിഗ്നല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തള്ളി. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

ആദ്യം നല്‍കിയ ശുപാര്‍ശ തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം ഉള്‍പ്പെടെ പുതിയ ശുപാര്‍ശ നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ ബുധാനാഴ്ച ഒരുമണിക്കൂര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു.

അതിനിടെ ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. അസാധാരണവും ഭരണഘടനയുടെ നഗ്നമായ ലംഘനവുമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ് പറഞ്ഞു. ബിജെപിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമ സഭയുടെ താഴത്തെ ഹാളില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനത്തിന്റെ തിരക്കിലായതിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.