തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡിന്റെ ചെയര്‍പേഴ്‌സനായി നിയമിക്കാന്‍ തീരുമാനം. ദിവസങ്ങള്‍ക്ക് മുമ്പാണ് വി.പി ജോയി ചീഫ് സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളായി ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ് ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ. എച്ച് ജോഷ്.
അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിക്കാനും യോഗത്തില്‍ തീരുമാനം ആയി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്‌സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകള്‍ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്.