തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് പൊലീസ്. തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ പരമാവധി 48 മണിക്കൂറിനുള്ളില്‍ 1930 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടണം. പൊതു ജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ സഹായകരമാണ്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ എത്രയും വേഗം 1930 ലേക്ക് വിളിച്ചു പരാതി നല്‍കിയാല്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നതിന് മുന്‍പ് തന്നെ ബാങ്ക് വഴിയും മറ്റും ട്രാന്‍സാക്ഷന്‍ ബ്ലോക്ക് ചെയ്യാനാകും. കൂടാതെ പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും https://cybercrime.gov.in റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
അതേസമയം കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ആക്രമണകാരികളായ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു.
തുടര്‍ന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും മറ്റ് സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.