ചിത്രകലകളുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ചിത്രകലകളുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം : വരകളില്‍ വിസ്മയം തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന കെ.എം. വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ മുതല്‍ 12 വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും ഉച്ചകഴിഞ്ഞ് മൂന്ന് വരെ തൃശൂര്‍ ലളിത കലാ അക്കാദമി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

കേരളത്തിന്റെ ചിത്രകലയുടെ സുവര്‍ണ അധ്യായത്തിനാണ് നമ്പൂതിരിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മലയാള സാഹിത്യത്തിലെ ഉജ്വലരായ പല കഥാപാത്രങ്ങളും മലയാളിയുടെ മുന്നില്‍ എത്തിയത് നമ്പൂതിരിയുടെ വരകളിലൂടെയായിരുന്നു.

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യ വായനയെ എത്തിച്ച നമ്പൂതിരി പ്രശസ്ത സാഹിത്യകാരായ തകഴി, എംടി, ഉറൂബ്, വികെഎന്‍ അടക്കമുള്ളവരുടെ സൃഷ്ടികള്‍ക്ക് രേഖാ ചിത്രങ്ങള്‍ ഒരുക്കി. രേഖാ ചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ നമ്പൂതിരി ശില്‍പകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

1925 ല്‍ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കര്‍, റോയ് ചൗധരി, എസ്. ധനപാല്‍ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായിരുന്നു.

അരവിന്ദന്റെ ഉത്തരായനം, കാഞ്ചന സീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാ സംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

കേരള ലളിതകലാ അക്കാദമി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.