ഉടുമ്പന്‍ചോല: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 85 ല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദേവികുളം-ശാന്തന്‍പാറ ഗ്യാപ് റോഡിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ജില്ല കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.
ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജിലെ ഇരച്ചില്‍പാറ മുതല്‍ ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജിലെ ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് ആരംഭിക്കുന്ന ഭാഗം വരെ (ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് ഗതാഗത തടസമില്ലാത്ത വിധം) ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.