അജ്മാന്‍:11 ലക്ഷം ദിർഹത്തിന്‍റെ സ്വർണവും 40,000 ദിർഹവും കവർന്ന മൂവർ സംഘത്തെ 12 മണിക്കൂറിനുളളില്‍ പിടികൂടി അജ്മാന്‍ പോലീസ്. എമിറേറ്റിലെ ഒരു കടയില്‍ മോഷണം നടന്നുവെന്ന വിവരമാണ് അജ്മാനിലെ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ ആദ്യം ലഭിച്ചത്. ഉടനെ തന്നെ അന്വേഷണസംഘത്തെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തുവെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അജ്മാന്‍ പോലീസ് വ്യക്തമാക്കുന്നു.
അന്വേഷണസംഘം ജ്വല്ലറി ഷോറൂമിലെത്തിയപ്പോഴാണ് അലാം അടിച്ചില്ലെന്നുളളത് മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ മോഷണ വിവരം അറിയാന്‍ വൈകി. പലതവണ വസ്ത്രം മാറ്റിയും മുഖം മൂടി ധരിച്ചും മൂന്നുപേരും രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.ഷാർജ പോലീസിന്‍റെ സഹകരണത്തോടെയാണ് ആദ്യ പ്രതിയെ പിടികൂടിയത്. അജ്മാനിലെ റുമൈലയില്‍ നിന്നാണ് രണ്ടാമത്തെ പ്രതിയെ പിടികൂടിയത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് നിന്നാണ് മൂന്നാമത്തെയാളെ പിടിച്ചത്.
മൂന്നുപേരും കുറ്റം സമ്മതിക്കുകയും സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കുമെന്നും ഇത്തരം അക്രമികളെ ശക്തമായി നേരിടുമെന്നും അജ്മാൻ പൊലീസ് അറിയിച്ചു.