കൊച്ചി: തിരുവാര്‍പ്പില്‍ സിഐടിയു പ്രവര്‍ത്തകര്‍ കൊടികുത്തി ബസ് സര്‍വീസ് തടഞ്ഞ സംഭവത്തില്‍ കോട്ടയം എസ്പിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. സര്‍വീസ് പുനരാരംഭിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് കോടതി നടപടി.
ബസിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് പരിഗണിച്ചത്. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
ജില്ലാ പൊലീസ് മേധാവിയോടും കുമരകം സിഐയോടുമാണ് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് പൊലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ബസുടമ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. എന്തുകൊണ്ട് പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന കാര്യത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ സ്വകാര്യ ബസുടമകളുടെ അസോസിയേഷന്‍ ഭാരവാഹികളും ബസ് ഓണറും സിഐടിയു നേതാക്കളുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പായിരുന്നു. തുടര്‍ന്ന് ജൂണ്‍ 28 ന് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.