കോഴിക്കോട്: മണിപ്പൂരിലേത് ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ ആസൂത്രിതമായി കരുതിക്കൂട്ടി ചെയ്യുന്ന വംശീയ അത്രിക്രമമാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മണിപ്പുരിലെ സാഹചര്യം ഭീതി ഉയര്‍ത്തുന്നതാണ്. ഇന്ന് മണിപ്പുരാണെങ്കില്‍ നാളെയത് കേരളത്തിലും സംഭവിക്കാമെന്നും ബിഷപ് ഓര്‍മിപ്പിച്ചു.
മണിപ്പുരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവന്‍ എംപി നടത്തിയ ഉപവാസം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
''വര്‍ഗീയതയും ആക്രമണവും കണ്ടിട്ടും പോരാടാതിരുന്നാല്‍ നമുക്കെതിരെയും ആക്രമണം വരുമ്പോള്‍ ശബ്ദിക്കാന്‍ ആരുമുണ്ടാവില്ല. ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാകാം. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പൂരിലേത് തിരക്കഥ തയാറാക്കി നടത്തിയ ആക്രമണമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് നമുക്കുവേണ്ടി ശബ്ദിക്കാന്‍ എം.കെ. രാഘവന്‍ എംപി ഉപവാസമിരുന്നത്. ഈ ഉപവാസം മണിപ്പുരിന്റെ നിലവിളിക്കൊപ്പം അണിചേരലാണ്. ഇത് മതേതരത്വത്തിന്റെ പ്രതീകമാണ്. എം.കെ. രാഘവന്‍ നടത്തിയ ഉപവാസം വ്യക്തിപരമോ ഏതെങ്കിലും പ്രസ്ഥാനത്തിനോ വേണ്ടിയുള്ളതല്ല. ഇതു പ്രകാശവും പ്രതീക്ഷയുമാണ്. ഒരുമിച്ചു പോരാടണം''- ബിഷപ് ഇഞ്ചനാനിയില്‍ പറഞ്ഞു.
അതേസമയം കലാപം കത്തുന്ന മണിപ്പുരില്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വെടിവച്ച് കൊന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു. കുക്കി വിഭാഗത്തിലെ ഡോങയ്ചിങ്ങാണ് ഇംഫാല്‍ വെസ്റ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കലാപം ശക്തമായപ്പോഴും നഗരം വിടാതെ ഒരു പള്ളിക്ക് പുറത്തെ ഷെഡില്‍ കഴിയുകയായിരുന്നു ഡോങയ്ചിങ്. ഇന്നലെ രാവിലെയാണ് ശിശുനിസ്ത നികേതന്‍ സ്‌കൂളിന് മുന്നില്‍ വച്ച് വെടിയേറ്റത്.