ശമ്പള വിതരണം ഇനിയും നീളും; കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും ദുരിതത്തിൽ

ശമ്പള വിതരണം ഇനിയും നീളും; കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും ദുരിതത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഈ മാസവും ദുരിതത്തിൽ. ശമ്പള വിതരണം ഇനിയും നീളുമെന്ന് സർക്കാർ. നൽകാമെന്നേറ്റിരുന്ന തുക ഇതുവരെയും സർക്കാർ കൈമാറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഗഡുക്കളായി ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വാ​ഗ്‍ദാനം ഇതുവരെയും പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എല്ലാ മാസവും അഞ്ചിന് മുൻപ് ആദ്യ ​ഗ‍ഡു നൽകുമെന്ന വാ​ഗ്ദാനം ജൂലൈ മാസത്തിലും പാലിച്ചില്ല.

സർക്കാർ 50 കോടി രൂപ വീതമാണു സഹായമായി നൽകിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു 30 കോടിയാക്കി ചുരുക്കി. ഈ തുക അനുവദിക്കാൻ ധനവകുപ്പിൽ ഫയൽ നടപടികൾ തുടങ്ങിയെങ്കിലും തീരുമാനമെടുത്തില്ലെന്നാണ് സൂചന. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച തുക അനുവദിച്ചാലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ശമ്പള വിതരണം അന്ന് നടക്കാനുള്ള സാധ്യത കുറവാണ്.

കെ.എസ്.ആർ.ടി.സിയിൽ രണ്ടു മാസത്തെ പെൻഷൻ വിതരണവും നിലവിൽ മുടങ്ങിയിരിക്കുകയാണ്. ധന സഹകരണ വകുപ്പുകളും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള കരാർ പ്രകാരം സഹകരണ വകുപ്പാണ് ഓരോ വർഷവും നൽകാനുള്ള പെൻഷൻ തുക അനുവദിക്കുന്നത്. ജൂണിലാണ് കരാർ ഒപ്പു വയ്‌ക്കുന്നത്. പുതിയ കരാർ ഇതുവരെ ഒപ്പുവയ്‌ക്കാത്തതാണ് കരാർ മുടങ്ങാനുള്ള കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.