ജിദ്ദ: വിമാനയാത്രാക്കാരുടെ ബാഗേജില്‍ 30 ഇനം വസ്തുക്കള്‍ നിരോധിച്ചതായി ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. പട്ടികയില്‍ ഉള്‍പ്പെട്ട നിരോധിത വസ്തുക്കള്‍ ബാഗേജില്‍ കണ്ടെത്തിയാല്‍ യാത്രാക്കാർക്ക് അത് തിരികെ ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
അപകടകരവും നിരോധിതവുമായ വസ്‌തുക്കൾ ബാഗേജിൽ ഉൾപ്പെടുത്തരുതെന്ന് ഹജ്ജ് തീർത്ഥാടകർക്കും മുന്നറിയിപ്പുണ്ട്. കത്തികള്‍, ബ്ലേഡുകള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, വിഷ ദ്രാവകങ്ങള്‍, ബേസ് ബോള്‍ ബാറ്റുകള്‍, സ്കേറ്റ് ബോർഡുകള്‍, സ്ഫോടക വസ്തുക്കള്‍, പടക്കങ്ങള്‍ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതയുളള വസ്തുക്കളെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഫ്ളൈറ്റ് കാബിനുകളില്‍ 16 ഇനം വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. തോക്കുകള്‍, കാന്തിക വസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, വെടിമരുന്ന്, കത്രികകള്‍ എന്നിവയെല്ലാം പട്ടികയിലുണ്ട്. ഓക്സിഡൻറുകൾ, ഓർഗാനിക് പെറോക്സൈഡുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, ഓട്ടോമാറ്റിക് സ്കേറ്റ്ബോർഡുകൾ, ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ, എന്നീ 14 ഇനം വസ്തുക്കള്‍ക്കും നിരോധനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് വിമാനകമ്പനികളുമായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.