കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡ് അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള കത്തോലിക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). ഇന്ത്യന്‍ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍ മതാടിസ്ഥാനത്തിലുള്ള നിയമ നിര്‍മാണം പ്രായോഗികമല്ല.
21-ാമത് നിയമ കമ്മീഷന്‍ 2018 ല്‍ പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ വ്യക്തമാക്കിയ പോലെ ഏകീകൃത സിവില്‍ കോഡ് പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ല എന്ന നിലപാടാണ് കേരള കത്തോലിക്ക സഭയ്ക്കുമുള്ളതെന്നും കെസിബിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.
കേന്ദ്ര നിയമ മന്ത്രാലയം യൂണിഫോം സിവില്‍ കോഡിന്റെ കരട് രൂപം തയാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്ന പുതിയ സിവില്‍ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ച് കൊണ്ട് കഴിഞ്ഞ ജൂണ്‍ 14 ന് 22-ാം നിയമ കമ്മീഷന്‍ പ്രസിദ്ധീകരിച്ച നോട്ടീസ് അവ്യക്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായിരുന്നു.
ഏകീകൃത സിവില്‍ കോഡിന്റെ അന്തസത്തയെക്കുറിച്ചുള്ള അജ്ഞത നിമിത്തം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കിയിരിക്കുന്ന മത സ്വാതന്ത്ര്യത്തെ ഏത് വിധത്തിലാണ് അത് ബാധിക്കുക എന്നതില്‍ വ്യക്തതക്കുറവുണ്ട്. പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുള്ള വിഷയമായതിനാല്‍ അഭിപ്രായം സമര്‍പ്പിക്കാന്‍ പരിമിതമായ സമയം മാത്രം നല്‍കിയത് സംശയം സൃഷ്ടിക്കുന്നതാണ്.
ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യത ആശങ്കാജനകമാണ്. ഏതെങ്കിലും വിധത്തില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെങ്കില്‍ അത് ഇന്ത്യയുടെ ജനസംഖ്യയില്‍ 8.9 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികളുടെയും പട്ടിക വര്‍ഗക്കാരുടെയും മതപരവും സാംസ്‌കാരികവുമായ ആശങ്കകളെ പരിഗണിച്ച് കൊണ്ടായിരിക്കണം.
ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്നത് വഴി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും യാതൊരു വിധത്തിലും തടസപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യരുത്. ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ, ലിംഗഭേദ അനീതിയുടെ പേരിലോ പൂര്‍ണമായും മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ വ്യക്തിനിയമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കെസിബിസി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സമുദായങ്ങള്‍ എന്ന നിലയില്‍ വിവിധ മത വിഭാഗങ്ങളുടെ ഉള്‍ഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും നിയമ നിര്‍മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകരുതെന്നും കെസിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.