കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ ലീഗിനെ ക്ഷണിച്ച സംഭവത്തില്‍ സിപിഎം നേതൃത്വത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്ഷണിച്ചാലുടന്‍ ലീഗ് വരുമെന്ന് കരുതിയ സിപിഎം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായിപ്പോയോ എന്ന് സതീശന്‍ ചോദിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗെന്നും സതീശന്‍ പറഞ്ഞു.
അധികാരത്തില്‍ ഇരുന്നപ്പോഴും പുറത്തായപ്പോഴും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബിജെപിയുടേത്. അതിനിടിയില്‍ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സിപിഎം ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇഎംഎസ് പറഞ്ഞത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സിപിഎം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം.വി. ഗോവിന്ദന്‍ പറയുന്നത് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സംഘ്യം വേണമെന്ന് സിതാറാം യെച്ചൂരി ആഗ്രഹിക്കുമ്പോള്‍ കേരളത്തിലെ സിപിഎം ആകട്ടെ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ നേതാക്കളോട് മാത്രമെ കോണ്‍ഗ്രസിന് അതൃപ്തിയുള്ളൂ. കഴിഞ്ഞ ഏഴ് വര്‍ഷമായി സിപിഎം കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തെ ജനം തോല്‍പ്പിക്കുന്ന കാഴ്ച്ചയാണ് കേരളം ഇനി കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.