തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ 38 മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തിരച്ചിലിന് പുതിയ സംഘമെത്തും. ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട 25 അംഗ എന്‍ഡിആര്‍എഫ് സംഘം രാത്രി 12 മണിയോടെ തിരുവനന്തപുരത്തെത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരത്തെ എന്‍ഡിആര്‍എഫ്, അഗ്‌നരക്ഷാ സേന, പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തി വരുന്നത്. എന്നാല്‍ മുപ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തൊഴിലാളിയെ കണ്ടെത്താന്‍ സാധിച്ചില്ല.
തമിഴ്‌നാട് സ്വദേശി മഹാരാജനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടിനാണ് അപകടമുണ്ടായത്. 90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിയത് എന്നാണ് ഫയര്‍ ഫോഴ്‌സ് പറയുന്നത്. മണ്ണ് വീണ്ടും ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുന്നതും കിണറ്റില്‍ വെള്ളം നിറയുന്നതുമാണ് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായത്.
രണ്ട് കോണ്‍ക്രീറ്റ് റിങുകള്‍ക്കും താഴെയാണ് മഹാരാജന്‍ കുടുങ്ങിയത്. റിങ്ങുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കിണറ്റില്‍ വീണ മോട്ടോര്‍ എടുക്കാനായാണ് മഹാരാജന്‍ കിണറ്റില്‍ ഇറങ്ങിയത്.
കോരിയെടുക്കുന്നതിന്റെ ഇരട്ടി മണ്ണ് ഇടിഞ്ഞു വീഴുന്നതാണ് തിരച്ചിലിന് വെല്ലുവിളിയായത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മോട്ടോറിന്റെ കയര്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മറ്റൊരു കയര്‍ കെട്ടി മോട്ടോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.