തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെടുത്തത് മൂന്നാം ദിവസമാണ്. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം അർധ രാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറിൽ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.
ഇന്ന് രാവിലെയോടെയാണ് തടസമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. ഫയർഫോഴ്സ്, പൊലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്നു.
പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാൽ യന്ത്രസഹായം തേടുന്നതിനും പരിമിതിയായിരുന്നു. ഈ അവസരത്തിലാണ് വിദഗ്ധ തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനെത്തിയത്.