കൊച്ചി: ' ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നും ആ അടികിട്ടിയത് കോടതിയുടെ മുഖത്താണെന്നും ' ഹൈക്കോടതി. കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമയ്ക്കെതിരായ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. അക്രമത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് വിമര്‍ശനം.
പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്നും എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും കോടതി ആരാഞ്ഞു.
കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും കോടതിയില്‍ നേരിട്ട് ഹാജരായി. പെട്ടെന്നുണ്ടായ ആക്രമണമായിരുന്നുവെന്ന് പൊലീസ് വാദിച്ചെങ്കിലും നാടകമല്ലേ നടന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു.
സംഭവത്തില്‍ എന്തെങ്കിലും അന്വേഷണം ഉണ്ടായോയെന്നും കോടതി പൊലീസിനോട് ചോദിച്ചു.
കേസില്‍ കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ഇവര്‍ ഇരുവരും വീണ്ടും നേരിട്ട് ഹാജരാവണമെന്നും കോടതി പറഞ്ഞു. ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും.