ബീജിങ്∙ ചൈനയിലെ കിൻഡർഗാർഡനിലുണ്ടായ കത്തി കൊണ്ടുള്ള ആക്രമണത്തിൽ കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടു. ഗ്വാങ്ടോങ് പ്രവിശ്യയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണു സംഭവമെന്ന് പൊലീസ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ഒരു അധ്യാപകൻ, രക്ഷിതാക്കളായ രണ്ടുപേർ, മൂന്ന് കുട്ടികൾ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആക്രമണത്തിന് ഇരയായവരെ കുറിച്ച് വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ 25കാരനെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണം നടന്ന് 20 മിനിറ്റിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയതായി പൊലിസ് അറിയിച്ചു. സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങൾ അടച്ചുപൂട്ടി. ആക്രമണത്തിന്റെ ഞെട്ടലിലാണ് മേഖലയിലെ ജനങ്ങൾ. കുറ്റകൃത്യത്തെ അപലപിച്ച് നിരവധിപേർ സാമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.