തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ചയാളെ കാണാനെത്തിയ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരെ തടയാന്‍ ലത്തീന്‍ അതിരൂപത മോണ്‍സിഞ്ഞോര്‍ ഫാ.യൂജിന്‍ പെരേര ആഹ്വാനം ചെയ്‌തെന്ന പരാമര്‍ശം അപക്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്ത ഈ സംഭവം തികച്ചും വേദനാജനകമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്. ഈ ദുരന്തങ്ങള്‍ സര്‍ക്കാര്‍ വരുത്തി വച്ചതാണെന്നും അദേഹം ആരോപിച്ചു.
മുതലപ്പൊഴിയെ കുറിച്ച് 2021 ഓഗസ്റ്റില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പെന്ന് അദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഒരു പരിഹാരമാര്‍ഗവും ഉണ്ടാക്കാതിരുന്ന സര്‍ക്കാരാണ് മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിട്ടത്. നിരന്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നവരുടെ പ്രതികരണം വൈകാരികമായിരിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ മനസിലാക്കണം.
മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും 'ഷോ കാണിക്കരുത്' എന്നാണ് മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്. പാവങ്ങളോടല്ല അധികാരത്തിന്റെ ധാര്‍ഷ്ട്യം കാട്ടേണ്ടതെന്നും മന്ത്രിമാരുടെ പ്രസ്താവന അനുചിതവും പ്രകോപനപരവുമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്ന ജനസമൂഹത്തെ ആശ്വസിപ്പിക്കുന്നതിനും ചേര്‍ത്ത് പിടിക്കുന്നതിനും പകരം മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ മന്ത്രിമാര്‍ തന്നെ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്.
മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കാന്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ ഇനിയെങ്കിലും തയാറാകണമെന്നും രക്ഷാ പ്രവര്‍ത്തനത്തിന് മതിയായ സംവിധാനം ഉറപ്പ് വരുത്തണം. 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കുന്ന രീതിയില്‍ സേഫ് കൊറിഡോര്‍ സ്ഥാപിച്ച് പരിഹാരം കാണണമെന്നും വി.ഡി സതീശന്‍ നിര്‍ദേശിച്ചു.
എന്നാല്‍, അത്തരത്തില്‍ യാതൊരുവിധ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഈ വാര്‍ത്തയോട് ഫാ.യൂജിന്‍ പെരേര പ്രതികരിച്ചിട്ടുണ്ട്.