തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാനും യുഡിഎഫ് തീരുമാനിച്ചു. ജൂലൈ 29 ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ബഹുസ്വരതാ സംഗമത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും ജന പ്രതിനിധികള്‍ക്കും പുറമെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും. അപകടകരമായ നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും യുഡിഎഫ് തടയും. ബിജെപിയുടെ ബി ടീമായ സിപിഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തങ്ങളില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ യുഡിഎഫ് ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിന് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ ദിവസവും ആവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കെടുതി ഉണ്ടായപ്പോഴും സര്‍ക്കാര്‍ നോക്കി നിന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം പോലും നല്‍കിയില്ല.
പനിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പനിക്കണക്ക് പുറത്ത് വിടരുതെന്ന തീരുമാനം മാത്രമാണ് സര്‍ക്കാരെടുത്തത്. കാര്‍ഷിക മേഖലയിലും ഗുരുതര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ആയിരം കോടി രൂപയാണ് നെല്‍ കര്‍ഷര്‍ക്ക് നല്‍കാനുള്ളത്. നാളീകേരം, റബ്ബര്‍ ഉള്‍പ്പെടെയുള്ള മേഖലകളും വന്‍ പ്രതിസന്ധിയിലാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
നായ്ക്കള്‍ കുട്ടികളുടെ ചുണ്ട് വരെ കടിച്ചു കീറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പുമായി ഉന്നത വിദ്യാഭ്യാസ രംഗവും ദയനീയമായി തകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നില്ല.
മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍. സമൂഹ മാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയത്. കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്. സി.പി.എം എംഎല്‍എ നല്‍കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്.
അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത് സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സിപിഎമ്മിന്റെ ഒരു എംഎല്‍എ പരസ്യമായി പറയുകയാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.