മൂവാറ്റുപുഴ: മണിപ്പൂർ വിഷയത്തിൽ 24 മണിക്കൂർ മൗന സമരം നടത്തി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. മൗന സമരത്തിനു പിന്നാലെ മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും മൗനം പാലിക്കുന്നതിനെതിരെ എംഎൽഎ ആഞ്ഞടിച്ചു. എല്ലാ മൗനവും സമ്മതമാണോയെന്ന ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ നാലുവരി കവിത ഉച്ഛരിച്ചുകൊണ്ടാണ് മാത്യു കുഴൽ നടൻ സംസാരിച്ചത്.
എംഎൽഎ പ്രസംഗത്തിൽ പറഞ്ഞ പ്രസക്തഭാഗങ്ങളിങ്ങനെ; മണിപ്പൂരിനോടുള്ള ഐക്യദാര്‍ഢ്യമാണ് ഈ സമരത്തിലൂടെ ഞാൻ ഉദ്ദേശിച്ചത്. മനുഷ്യൻ സംസാരിക്കാതിരുന്നാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ഡോക്ടറടക്കം പറഞ്ഞിട്ടും രണ്ടും കൽപ്പിച്ചാണ് ഈ സമരത്തിന് ഞാനിറങ്ങിയത്. മൗനം സമ്മതം, മൗനം വിദ്വാനു ഭൂഷണം എന്നു പറയുമെങ്കിലും എല്ലാ മൗനവും സമ്മതമല്ല.
ചരിത്രം പരിശോധിച്ചാൽ നിരവധി മൗനങ്ങൾ കാണാൻ സാധിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ മൗനം നാം കണ്ടിട്ടുള്ളതാണ്. 2002 ൽ മറ്റൊരു സമുദായം വേട്ടയാടപ്പെട്ടപ്പോൾ അധികാരത്തിലിരുന്ന് മൗനം പാലിച്ച അതേ രീതിയാണ് ഇപ്പോഴും പ്രധാന മന്ത്രി തുടരുന്നത്. എത്ര തലമുറയാണ് മൗനം മൂലം അടിച്ചമർത്തപ്പെട്ടിട്ടുള്ളത്. അടിച്ചമർത്തപ്പെട്ടവന്റെ വേദനയോട് ചേർന്നു നിന്നു കൊണ്ടാണ് ഞാൻ സമരം നടത്തിയത്. ശബ്ദിക്കാൻ ഭയപ്പെടുന്നവന്റെ നീതി നിഷേധത്തിനുള്ള പിന്തുണയായിരുന്നു സമരം. ഈ രാജ്യത്തിന്റെ മതേതര്വതം ഇപ്പോൾ അപകടത്തിലായിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ സഹനം മൂലമാണ് ഇന്ത്യ എന്ന രാജ്യം ജന്മം കൊണ്ടത്. എന്നാൽ ഇന്ന് ഈ രാജ്യത്തിന്റെ ജീവവായു ഇല്ലാതാക്കുന്ന പ്രവർത്തികളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല.
സമാധാന ദീപം തെളിയിച്ചു കൊണ്ടായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായ മതേതര സമ്മേളനത്തിന് തുടക്കമിട്ടത്. പരിപാടിയിൽ കേന്ദ്രത്തിനെതിരെ കർദിനാൾ ബസേലിയസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ ആഞ്ഞടിച്ചു. കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ , മൂവാറ്റുപുഴ മലങ്കര രൂപത മെത്രാപ്പോലീത്ത മാർ തിയോഡോഷ്യസ് , അങ്കമാലി മൂവാറ്റുപുഴ മേഖലാ ഭദ്രാസനാധിപൻ മാത്യൂസ് മാർ അത്തിമോസ് മെത്രാപ്പോലീത്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി തുടങ്ങി നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.