മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍: സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

 മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍:  സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

തിരുവനന്തപുരം: സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മൂലമാണ് മുതലപ്പൊഴിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ലത്തീന്‍ സഭ. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

അപകടങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്തപരമെന്ന് (കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) ജനറല്‍ സെക്രട്ടറി ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതിനാലാണ് മുതലപ്പൊഴിയില്‍ പ്രതിഷേധമുണ്ടായത്. മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞ മത്സ്യത്തൊഴിലാളികള്‍ രണ്ടിടത്ത് റോഡ് ഉപരോധിച്ചു.

ബോട്ടപകടം ഉണ്ടായ മുതലപ്പൊഴിയിലേക്ക് പോകാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആര്‍ അനിലും ആന്റണി രാജുവും എത്തിയപ്പോള്‍ പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ തടഞ്ഞു. തുടര്‍ച്ചയായി അപകടമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടാത്തത് മത്സ്യത്തൊഴിലാളികള്‍ ചോദ്യം ചെയ്തു.

കാര്യങ്ങള്‍ വിശദീകരിച്ച മത്സ്യത്തൊഴിലാളികളോട് ഷോ വേണ്ടെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകടമുണ്ടായ മുതലപ്പൊഴിയിലേക്ക് പോകാതെ മന്ത്രിമാര്‍ മടങ്ങി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.