തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ വെള്ളിവരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം പാടില്ലെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കി.
ആലപ്പുഴ ജില്ലയില്‍ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ചൊവ്വാഴ്ച കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.