'സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതി'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര

'സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതി'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര

തിരുവനന്തപുരം: പെരുമാതുറ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും കേസ് നിയമപരമായി നേരിടുമെന്നും യുജിന്‍ പെരേര പറഞ്ഞു. ദുഖത്തില്‍ ഇരിക്കുന്നവര്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. താന്‍ ഷോ കാണിക്കാന്‍ പോയതല്ലെന്നും മന്ത്രി തന്നോട് പറഞ്ഞത് ഷോ കാണിക്കരുതെന്നാണെന്നും അദ്ദേഹം പ്രതികരിച്ചു.

പെരുമാതുറയില്‍ മന്ത്രിമാരെ തടഞ്ഞതിന് യുജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമരത്തിന് ശേഷം സഭക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു കാണാതായ മൂന്നു പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരും രംഗത്തെത്തി.
മന്ത്രിമാര്‍ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് യൂജിന്‍ പെരേരയാണെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഫാദര്‍ യൂജിനാണെന്നും ശിവന്‍കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മന്ത്രിമാരെ തടയാന്‍ നേതൃത്വം കൊടുത്തതും കലാപാഹ്വാനം നടത്തിയതും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയാണെന്നാണ് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചത്. പിന്നാലെ അദ്ദേഹത്തിനെതിരെ കേസുമെടുത്തു.

അതേസമയം, മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചില്‍ തുടരുകയാണ്. കാണാതായ നാലു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് സ്ഥലത്തുണ്ട്. മത്സ്യതൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്നും കോസ്റ്റല്‍ പൊലീസും തിരച്ചിലിനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.