തീരദേശ ജനങ്ങളോടുള്ള വെല്ലുവിളി; ഫാദര്‍ യുജിന്‍ പെരേരയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തീരദേശ ജനങ്ങളോടുള്ള വെല്ലുവിളി; ഫാദര്‍ യുജിന്‍ പെരേരയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരില്‍ ഫാ.യൂജിന്‍ പേരരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിക്ഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീരദേശ ജനങ്ങളോടുളള വെല്ലുവിളിയാണിത്.

മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്. മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. സര്‍ക്കാര്‍ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫാദര്‍ യുജിന്‍ പെരേരയ്ക്കെതിരെ കേസ് അടിയന്തരമായി പിന്‍വലിക്കണം. അതിജീവന സമരത്തെയാണ് സര്‍ക്കാര്‍ തളളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുളളവര്‍. സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാര്‍ പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികള്‍, നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചോടെയാണ് മുതലപൊഴി തുറമുഖ കവാടത്തില്‍ അപകടം നടന്നത്. സംഭവത്തില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ മരണപ്പെട്ടിരുന്നു.

അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഇന്നലെ എത്തിയ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ തടഞ്ഞത്.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.