ഉമ്മുല്‍ ഖുവൈന്‍: എമിറേറ്റിലെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയത് നാല് എമിറേറ്റുകളില്‍ നിന്നുളള അഗ്നിശമന സേനായൂണിറ്റുകളുടെ സഹായത്തോടെ. ഉമ്മുല്‍ ഖുവൈനില്‍ നിന്നുളളത് കൂടാതെ റാസല്‍ ഖൈമ, അജ്മാന്‍, ഷാർജ എമിറേറ്റുകളിലെ സേനാംഗങ്ങളും തീയണയ്ക്കുന്ന ഉദ്യമത്തില്‍ പങ്കാളികളായി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉം അല്‍ തൗബിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പെർഫ്യൂം പ്ലാന്‍റില്‍ തീപിടുത്തമുണ്ടായത്. നിലവില്‍ പ്രദേശം തണുപ്പിക്കുന്ന പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടുത്തമുണ്ടാകാനിടയായ സാഹചര്യം വ്യക്തമല്ല.
അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിന് ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല അഭിനന്ദനമറിയിച്ചു. ആളപായത്തിലേക്ക് നീങ്ങാതെ തീ നിയന്ത്രണവിധേയമാക്കിയതില്‍ മറ്റ് മൂന്ന് എമിറേറ്റുകളിലെയും അഗ്നിശമനാസേനായൂണിറ്റുകളെയും അദ്ദേഹം പ്രശംസിച്ചു. സമയോചിതമായ ഇടപെടലാണ് ആളപായമില്ലാതെ ദുരന്തം മറികടക്കാനായതെന്നും സ്ഥലം സന്ദർശിച്ച് അദ്ദേഹം വിലയിരുത്തി. മറ്റ് ഉന്നതസ്ഥാനീയരും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
