ദോഹ: ഖത്തറിലെ ആദ്യ കളിപ്പാട്ട ഉത്സവം ജൂലൈ 13 ന് ആരംഭിക്കും. ആഗസ്റ്റ് 5 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിലാണ് ഖത്തർ ടോയ് ഫെസ്റ്റിവൽ നടക്കുക.
“കഥകൾ ആസ്വദിക്കൂ, കളികള്‍ ആസ്വദിക്കൂ” എന്ന ആപ്തവാക്യത്തിലാണ് ഉത്സവമൊരുങ്ങുന്നത്. എല്ലാപ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് കളിപ്പാട്ട ഉത്സവം സജ്ജീകരിക്കുന്നതെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 11 വരെയുമാണ് സന്ദർശന സമയം. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകള്‍ ഉത്സവത്തിന്‍റെ ഭാഗമാകും. 50 ഖത്തർ റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ഗോള്‍ഡ് ടിക്കറ്റിന് 100 റിയാലും ഗോള്‍ഡ് പ്ലസിന് 400 റിയാലും വിവിഐപി ടിക്കറ്റിന് 1500 റിയാലും നല്‍കണം.