ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെ. സുധാകരന്‍ ബിഷപ്പ് ഹൗസിലെത്തി; കേസെടുത്തത് മ്ലേഛമെന്ന് പ്രതികരണം

ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച്  കെ. സുധാകരന്‍ ബിഷപ്പ് ഹൗസിലെത്തി; കേസെടുത്തത് മ്ലേഛമെന്ന് പ്രതികരണം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രതിഷേധത്തിന്റെ പേരില്‍ കലാപ ആഹ്വാന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലത്തീന്‍ ബിഷപ്പ് ഹൗസിലെത്തി.

ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് മ്ലേഛമെന്നും മുതലപ്പൊഴിയില്‍ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും കെ. സുധാകരന്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് നെറ്റോ സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച നടത്താനായില്ല.

മന്ത്രിമാരെ മുതലപ്പൊഴിയില്‍ തടഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയാണ് വൈദികന്‍ യൂജിന്‍ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കേസുണ്ട്.

മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ലത്തീന്‍ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതില്‍ തര്‍ക്കം രൂക്ഷമാണ്. സര്‍ക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര കുറ്റപ്പെടുത്തി. ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ പ്രതിഷേധക്കാരോട് പറഞ്ഞതാണ് പ്രശ്‌നം വഷളാക്കിയതെന്ന് ലത്തീന്‍ രൂപത വ്യക്തമാക്കി.

കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിമാരെ തടഞ്ഞത് കോണ്‍ഗ്രസാണെന്നായിരുന്നു ആന്റണി രാജുവിന്റെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.