ദോഹ: ഖത്തർ ഹോർട്ടികള്‍ച്ചർ എക്സ്പോ 2023 ന് വോളണ്ടിയർ സേവനം നടത്താന്‍ താല്‍പര്യമുളളവർക്ക് അവസരമൊരുങ്ങുന്നു. ഇതിനായുളള രജിസ്ട്രേഷന്‍ രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ദോഹ എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അല്‍ ഖൗറി അറിയിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയുളള ആറ് മാസക്കാലമാണ് എക്സ്പോ നടക്കുക.
4000 ത്തോളം വോളണ്ടിയർമാരെ എക്സ്പോയ്ക്ക് ആവശ്യമുണ്ടെന്നും അധികൃതർ അറിയിച്ചു. ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി വോളണ്ടിയർ രജിസ്ട്രേഷൻ വിവരം അറിയിക്കും. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും വോളണ്ടിയർമാരെ തിരഞ്ഞെടുക്കുക.
കൃഷിയും ഹരിത വല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര ഹോർട്ടികള്‍ച്ചറല്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ഈ എക്സ്പോയ്ക്ക് വേദിയാകുന്നത്. അല്‍ ബിദ പാർക്കില്‍ 17 ലക്ഷം ചതുരശ്രഅടിയിലാകും എക്സ്പോ ഒരുങ്ങുക. 80 രാജ്യങ്ങളുടെ പവലിയനുകള്‍ ഒരുങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്.