ദുബായ്: ദുബായ് എമിറേറ്റിലെ എണ്ണയിതര വ്യാപാരമേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയെന്ന് കണക്കുകള്‍. കഴിഞ്ഞ 10 മാസത്തിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ജൂണിൽ ഉണ്ടായത് .കൂടുതൽ വിൽപനയും പുതിയ ആവശ്യക്കാരും വന്നതോടെ വളർച്ച അതിവേഗത്തിലായെന്ന് സ്വകാര്യ മേഖലയിലെ പ്രതിമാസ നിലവാര സൂചിക വിലയിരുത്തുന്നു. എസ് ആൻഡ് പി ഗ്ലോബൽ പർചേസിംഗ് മാനേജേഴ്സ് സൂചികയിൽ ജൂണിൽ 56.9 ആണ് രേഖപ്പെടുത്തിയത്. മേയിൽ ഇത് 55.3 ആയിരുന്നു.
നിർമാണം, മൊത്തവ്യാപാരം, ചെറുകിട വ്യാപാരം, യാത്ര, വിനോദസഞ്ചാരം എന്നീ രംഗങ്ങളിലാണ് മികച്ച വളർച്ച പ്രകടമായത്. എണ്ണയിതമേഖലയിലെ കുതിപ്പിനെ അടിസ്ഥാനമാക്കി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതായി സർവേകൾ സൂചിപ്പിക്കുന്നു . സാമ്പത്തികരംഗത്തു 2022ലെ ആദ്യ ഒമ്പതു മാസങ്ങളിൽ 4.6 ശതമാനം ആണ് വളർച്ച രേഖപ്പെടുത്തിയത് . ആഭ്യന്തര ഉൽപാദനത്തിന്റെ 24.1 ശതമാനവും വളർച്ച മൊത്ത-ചെറുകിട വ്യാപാരങ്ങളിലാണ്.
ദുബായിലെ യാത്രാമേഖലയിലും വളർച്ച പ്രകടമാണ് . ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2023ലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പത്തെ നിലയിലേക്കെത്തി. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ മാത്രം 2.12 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. 2022നെ അപേക്ഷിച്ച് 55.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.