തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് തന്നെ പിടിച്ച് ജയിലിലിട്ടാല്‍ പ്രൊമോഷന്‍ നല്‍കാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയതായി സുധാകരന്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് പൊലീസ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ. സുധാകരന്‍ അന്വേഷണം നേരിടുന്നത്. നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. സംസ്ഥാന സംസ്ഥാന വ്യാപകമായി മാര്‍ച്ച് അടക്കം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോണ്‍സന്റെ മുന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു സുധാകരന്റെ ചോദ്യം ചെയ്യലും അറസ്റ്റും.