തിരുവനന്തപുരം: മധ്യ, വടക്കൻ ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്നും കളക്ടർമാർ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. ആലപ്പുഴയിൽ ക്യാമ്പുള്ള എല്‍പി, യുപി സ്കൂളുകൾക്ക് മാത്രമാണ് അവധി ഉണ്ടാകുക.
അതേസമയം അടുത്ത മണിക്കൂറിൽ പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശവും തുടരുകയാണ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.