തിരുവനന്തപുരം: മണക്കാടുള്ള വീട്ടില്‍ നിന്ന് 87 പവന്‍ മോഷ്ടിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി ഷെഫീഖ്. വിചാരണയിലിരിക്കുന്ന ബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിക്കും മുമ്പ് അടിച്ചുപൊളിച്ച് ജീവിക്കാന്‍ പണം കണ്ടെത്താനായിരുന്നു സ്വര്‍ണം കവര്‍ന്നതെന്ന് പിടിയിലായ ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി. 17 പവന്‍ വിറ്റ് കിട്ടിയ തുകയില്‍ അരലക്ഷത്തോളം രൂപ രണ്ട് ദിവസം ചെലവാക്കി തീര്‍ത്തു.
കാട്ടാക്കടയിലെ ബ്യൂട്ടിപാര്‍ലറില്‍ പോയി ആദ്യം മുടിവെട്ടിച്ചു. ഒപ്പം ഹെയര്‍ കളറിംഗും ഫേഷ്യലും ചെയ്തു. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസും പുതിയ മൊബൈല്‍ ഫോണും വാങ്ങി. മുന്തിയ ബാര്‍ഹോട്ടലില്‍ രണ്ടു ദിവസം മദ്യപിച്ചു. ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചു. അടുത്ത ദിവസം ഗോവയിലേയ്ക്ക് പോകാനായിരുന്നു ലക്ഷ്യം.
രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാകണ്ണ് ആണ് 17 പവന്‍ വില്‍ക്കാന്‍ സഹായിച്ചത്. ഇതില്‍ നിന്ന് കിട്ടിയ അഞ്ച് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം ഷെഫീഖ് ബീമാകണ്ണിനെ ഏല്‍പ്പിച്ചു. ബാക്കി മൂന്ന് ലക്ഷം ഷെഫീഖ് എടുത്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.