ഇടുക്കി: കൈവെട്ട് കേസിലെ ശിക്ഷാ വിധി തന്നെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അക്രമത്തിന് ഇരയായ പ്രൊഫ. ടി.ജെ ജോസഫ്. നിര്‍വികാരമായി സാക്ഷി പറയേണ്ട ഒരു പൗരന്റെ കടമ നിറവേറ്റി. അക്രമകാരികളുടെ വിശ്വാസ പ്രമാണങ്ങളാണ് നമ്മള്‍ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രാചീന വിശ്വാസം പേറി നടക്കുന്നവര്‍ ലോകത്തിന് ഭീഷണിയാണ്. അന്ധവിശ്വാസങ്ങളും ജാതീയ വ്യവസ്ഥയും ഇല്ലാത്ത ലോകമാണ് എന്റെ സ്വപ്നം. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും എന്നെ ബാധിക്കില്ല. ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന കാര്യം നിയമ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യണം. പ്രത്യേകിച്ച് വികാരഭേതങ്ങളില്ല.
വിധി പ്രസ്താവം തീവ്രവാദത്തിന് ശമനമുണ്ടാക്കുമോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകര്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടായിരുന്നപ്പോള്‍ മൂന്നു തവണ പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണമൊരുക്കിയില്ല. ഇവിടുത്തെ സര്‍ക്കാരിന് വീഴ്ചപ്പറ്റി. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടതാണ് അത് അവര്‍ തീരുമാനിക്കട്ടെയെന്നും ടി.ജെ ജോസഫ് പറഞ്ഞു.