തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കം ബിജെപി-സിപിഎം ഡീലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. മോഡി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ.വി. തോമസെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ ബിജെപി കൂടി പിന്തുണച്ചതോടെ പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെ.വി. തോമസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് ഇ.ശ്രീധരന്റെ ബദല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ തന്നെ മാറ്റേണ്ടി വരും. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദല്‍. ഇതു വഴി പദ്ധതി ചെലവ് വന്‍തോതില്‍ കുറയും. പക്ഷെ ഡിപിആര്‍ അടക്കം നിര്‍മാണത്തിന്റെ മുഴുവന്‍ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ (ഡിഎംആര്‍സി) ന് നല്‍കണമെന്നാണ് ശ്രീധരന്റെ ആവശ്യം.
ബദല്‍ റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമി മാത്രം ഏറ്റെടുത്താല്‍ മതി. ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 180 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 105 കിലോമീറ്റര്‍ തുരങ്കപാതയുമാണ്. 63,490 കോടി മാത്രമാണ് ആകെ ചിലവ്. ഇതില്‍ 33,699 കോടി വായ്പ എടുക്കാം. ആകെ ചെലവിന്റെ 30 ശതമാനം കേന്ദ്രവും സംസ്ഥാനവും വഹിക്കണമെന്നും ശ്രീധരന്റെ ബദല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.