കൊച്ചി: കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റീസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ചുമതലയേല്‍ക്കും. പുതിയ ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നത് വരെയാണ് ചുമതല. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.വി.എന്‍. ഭട്ടി സുപ്രീം കോടതി ജഡ്ജിയായി പോയ സാഹചര്യത്തിലാണ് പുതിയ നിയമനം.
1988 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറായും ചുമതല നിര്‍വഹിച്ചിട്ടുണ്ട്. 2014 ജനുവരിയിലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലേറ്റത്. 2016 ല്‍ സ്ഥിരം ജഡ്ജിയായി നിയമതനായി. സ്ഥാനമൊഴിഞ്ഞു പോകുന്ന ചീഫ് ജസ്റ്റീസ് എസ്.വി.എന്‍. ഭട്ടിക്ക് ഹൈക്കോടതിയില്‍ ഫുള്‍ കോര്‍ട്ട് റഫറന്‍സ് നല്‍കി.
ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ നിയുക്ത ആക്ടിങ് ചീഫ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ബിജു എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
ഹൈക്കാടതി ജഡ്ജിമാര്‍, ജസ്റ്റീസ് ഭട്ടിയുടെ കുടുംബാംഗങ്ങള്‍, ജുഡിഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, ഹൈക്കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.