തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കേ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് ഇന്ന് വ്യാപകമായി മഴ ലഭിക്കുക എന്ന് പ്രവചനത്തില്‍ പറയുന്നു.
കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.