കെ റെയിലിന് കുറഞ്ഞ അളവില്‍ പാത ഏറ്റെടുത്താല്‍ മതി; വികസനത്തിനായി രാഷ്ട്രീയം നോക്കാതെ സഹകരിക്കുമെന്ന് ഇ. ശ്രീധരന്‍

കെ റെയിലിന് കുറഞ്ഞ അളവില്‍ പാത ഏറ്റെടുത്താല്‍ മതി; വികസനത്തിനായി രാഷ്ട്രീയം നോക്കാതെ സഹകരിക്കുമെന്ന് ഇ. ശ്രീധരന്‍

കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കില്ലെന്നും സഹകരിക്കുമെന്നും വ്യക്തമാക്കി മെട്രോമാന്‍ ഇ.ശ്രീധരന്‍. കൊച്ചിയില്‍ വേഗ റെയില്‍ പദ്ധതി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഡിപിആര്‍ പ്രകാരം സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികമാണെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. എന്നാല്‍ കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വേഗ റെയില്‍ പാത സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ ഇ. ശ്രീധരന്‍ പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കുമെന്ന് വ്യക്തമാക്കി. പദ്ധതിയില്‍ കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ.വി തോമസ് താനുമായി ചര്‍ച്ചയ്ക്ക് വന്നത്. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വേഗ റെയില്‍ പദ്ധതി ആകാശ പാതയായോ തുരങ്ക പാതയായോ നടപ്പാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ അളവില്‍ ഭൂമിയെടുത്താല്‍ പാത യാഥാര്‍ത്ഥ്യമാക്കാം. നടത്തിപ്പിന് ഇന്ത്യന്‍ റെയില്‍വെയെയോ ഡല്‍ഹി മെട്രോയേയോ ഏല്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹൈ സ്പീഡ് റെയില്‍വെ ചര്‍ച്ചയായിരുന്നു. ഹൈ സ്പീഡോ, സെമി ഹൈസ്പീഡ് റെയിലോ ആണ് അഭികാമ്യം. തന്റെ നിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.