റാസല്‍ഖൈമ: ഷാർജയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായി ഏകദിന ടെസ്റ്റ് പ്രഖ്യാപിച്ച് റാസല്‍ഖൈമയും. നാഷണല്‍ സർവ്വീസ് റിക്രൂട്ട്സിനായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന്‍റെ നടപടിക്രമങ്ങള്‍ ഒരു ദിവസത്തിനുളളില്‍ പൂർത്തീകരിക്കാനാകുമെന്നുളളതാണ് ഏകദിന ടെസ്റ്റ് പദ്ധതിയുടെ പ്രത്യേകത. ജൂലൈ 17 മുതലാണ് പദ്ധതി നിലവില്‍ വരിക. ഈ വർഷം അവസാനം വരെ നാഷണല്‍ സർവ്വീസ് റിക്രൂട്ട്സിന് പദ്ധതി പ്രയോജനപ്പെടുത്താം.
നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായുളള തിയറി ടെസ്റ്റും പ്രാക്ടിക്കല്‍ പരിശീലനവും ഒറ്റ ദിവസം തന്നെ നടത്തുന്ന പുതിയ പദ്ധതി ഷാർജ പോലീസും പ്രഖ്യാപിച്ചിരുന്നു. ഷാർജയില്‍ നാഷണല്‍ സർവ്വീസ് റിക്രൂട്ട്മെന്‍റുകള്‍ക്കും ബിരുദധാരികള്‍ക്കുമായാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്നതരത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഷാർജയില്‍ പദ്ധതി നടപ്പിലാക്കുക. ലൈസൻസിന് അപേക്ഷിക്കുന്നവർ ആദ്യം ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കണം. ഇതില്‍ വിജയിച്ചാല്‍ പ്രാക്ടിക്കല്‍ പരിശീലനത്തിനായി അന്നേ ദിവസം തന്നെയെത്താം. ആവശ്യമായ പരിശീലനം പൂർത്തിയാക്കി പ്രിലിമിനറി- സിറ്റി ടെസ്റ്റുകളില്‍ ഒരേ ദിവസം പങ്കെടുക്കാം.