ഇടുക്കി ചെറുതോണിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

ഇടുക്കി ചെറുതോണിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

ഇടുക്കി: ചെറുതോണി വെണ്‍മണിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പത്ത് വയസുള്ള വിദ്യാര്‍ത്ഥിക്ക് കടിയേറ്റു. വെണ്‍മണി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിലീഷീ (10)നാണ് തെരുവുനായുടെ കടിയേറ്റത്. വെണ്‍മണി കുളമ്പള്ളില്‍ സിജോയുടെ മകനാണ്.

ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴി വൈകുന്നേരം 5.30നു പോസ്റ്റോഫീസിനടുത്തു വച്ചാണ് തെരുവ് നായ ആക്രമിച്ചത്. പ്രദേശവാസികള്‍ കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ഒരു ഒരാഴ്ചയ്ക്കിടയില്‍ തന്നെ തെരുവു നായയുടെ  ആക്രമണം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വിവധ ജില്ലകളില്‍ നിന്നും വന്നിരുന്നു. അതേസമയം തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും ഉള്‍പ്പടെയുള്ള പരുക്ക് ഗുരുതരമാണ്.

ഈ ആഴ്ച തെരുവ് നായ ശല്യം മൂലം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് അവധി പോലും നല്‍കേണ്ടി വന്നു. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു അവധി പ്രഖ്യാപിച്ചത്. ഈ പ്രദേശത്തെ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ തൊഴില്‍ ദിനം തെരുവ് നായയെ പേടിച്ച് അന്നേ ദിവസം നിയന്ത്രണം ഒഴിവാക്കി.

പത്തനംതിട്ടയിലെ ഇലന്തൂരിലും രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നെടുവേലി പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചായിരുന്നു സുതന്‍, ജോര്‍ജ് കോശി എന്നിവരെ നായ ആക്രമിച്ചത്. ഇരുവരെയും ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരണപ്പെട്ട നിഹാല്‍ ഇന്നും ഒരു നോവായി നില്‍ക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. എത്രനാള്‍ തെരുവു നായയെ പേടിച്ച് പുറത്തിങ്ങാതിരിക്കണമെന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. മറുപടി പറയേണ്ടത് ഉത്തരവാദിത്തപ്പെട്ട ഭരണകൂടമാണ്. ഈ വിഷയങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.