തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ ഏക സ്വരം രൂപീകരിക്കാന്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. കോണ്‍ഗ്രസിന് ക്ഷണമില്ലാത്ത സെമിനാറില്‍ യുഡിഎഫില്‍ നിന്ന് സമസ്തയും എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസും പങ്കെടുക്കുന്നുണ്ട്. മുസ്‌ലീം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കില്ലെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് സെമിനാര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പൗരത്വ വിഷയത്തിന് സമാനമായ രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിവിധ മത, സാമുദായിക നേതാക്കളും ഇടത് മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. ഏക സിവില്‍ കോഡില്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സെമിനാറാണിത്.
അതേസമയം സെമിനാറില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും മുസ്‌ലീം ലീഗിനെയും ചേര്‍ത്തുള്ള പരിപാടിയാണ് ആലോചിക്കുന്നത്. ദേശീയ തലത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും യെച്ചൂരി പറഞ്ഞു. സെമിനാറില്‍ 15,000 പേര്‍ പങ്കെടുക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
അതേസമയം കോണ്‍ഗ്രസും സിവില്‍ കോഡ് വിഷയത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 29 ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം നടക്കും. പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനസദസും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ലീഗിനൊപ്പമുള്ള സമസ്ത സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് യുഡിഎഫിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.