ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുന്നണി പരിപാടികളില്‍ സജീവമാകണമെന്ന് നിര്‍ദേശം

ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുന്നണി പരിപാടികളില്‍ സജീവമാകണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സെമിനാര്‍ ബഹിഷ്‌കരണ വിവാദങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. മുന്നണി പരിപാടികളിലും മറ്റും സജീവമാകണമെന്ന് ഇ.പിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കും.

ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച സിപിഎം ദേശീയ സെമിനാറില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്തകാലത്തായി പാര്‍ട്ടി പരിപാടികളില്‍ ഇ.പി ജയരാജന്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ ഇക്കാര്യത്തില്‍ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കണമെന്നില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

അതിനിടെ സെമിനാറില്‍ പ്രസംഗിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേരില്ലായിരുന്നു എന്നാണ് ഇ.പിയുടെ വിശദീകരണം. അജന്‍ഡ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. കൂടാതെ ഇന്നലെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതായും ഇ.പി പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.