കെ.എസ്.യു പ്രവര്‍ത്തകരെ ലോക്കപ്പിലിട്ടു; സ്റ്റേഷനില്‍ കയറി മോചിപ്പിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍

കെ.എസ്.യു പ്രവര്‍ത്തകരെ ലോക്കപ്പിലിട്ടു; സ്റ്റേഷനില്‍ കയറി മോചിപ്പിച്ച്  കോണ്‍ഗ്രസ് ജനപ്രതിനിധികള്‍

കാലടി: അന്യായമായി ലോക്കപ്പിലിട്ടു എന്നാരോപിച്ച് കാലടി പൊലീസ് സ്റ്റേഷനില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകരെ മോചിപ്പിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍.

ബെന്നി ബഹനാന്‍ എം.പി, എംഎല്‍എമാരായ റോജി എം. ജോണ്‍, സനീഷ് ജോസഫ് എന്നാവര്‍ ചേര്‍ന്നാണ് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് കാലടി ശ്രീശങ്കര കോളജിലെ ഏഴ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ രണ്ട് പേരെ പൊലീസ് വീട്ടില്‍ കയറി കസ്റ്റഡിയില്‍ എടുത്തതിലാണ് പ്രതിഷേധം ഉയര്‍ന്നത്.

വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എ.എസ്.പി വന്നു നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്തിറക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്നും തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെയെന്നും പിന്നീട് റോജി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോട് പെരുമാറിയതെന്നും എംഎല്‍എ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.